പൂർവ്വകാലങ്ങളിൽ `പുത്രും കൂലോം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം താഴക്കാട്ടു മനയുടെ പതിനെട്ടര ക്ഷേത്രങ്ങളിൽ പെടുന്ന ഒന്നാണ്. സന്താന സൗഭാഗ്യത്തിനും ഇഷ്ട മംഗല്ല്യത്തിനും വേണ്ടി പ്രതിഷ്ഠിക്കപ്പെട്ടതാണ് പടിഞ്ഞാറ് ദർശനമായുള്ള ഇവിടത്തെ ദേവന്മാർ. താഴക്കാട്ടുമനയുടെ പതനത്താലും `ശ്രീ വീരഭദ്രന് ചെറുവത്തൂരിടത്തിൽ ആധിപത്യം സ്ഥാപിച്ചതിനാലും, ടിപ്പു സുല്‍ത്താന്റെ പടയോട്ടത്താലും ഈ ക്ഷേത്രത്തിൽ പൂജ മുടങ്ങി. പിൽക്കാലത്ത് ശ്രീ കോവിലുകള്‍ നശിക്കാൻ ഇടവരികയും ചെയ്തു. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ ക്ഷേത്രത്തിന്റെ സ്ഥലം അന്യാധീനപ്പെട്ടുപോവുകയും പ്രധാന മൂർത്തിയായ നരസിംഹ മൂർത്തിയുടെ ശിലാവിഗ്രഹം കളവ് ചെയ്യപെട്ടു.
ഇരുപതോളം വർഷങ്ങള്‍ക്കു മുമ്പ് സമീപ വാസികളായ ഏതാനും ഭക്തര്‍ ചേർന്ന് ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ ശ്രമം നടത്തുകയും അതിൽ വിജയിക്കാതെ പോവുകയും ചെയ്തു. എന്നാൽ അന്നത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സമീപവാസിയായ ഭക്തര്‍ എല്ലാദിവസവും വൈകുന്നേരം ഭഗവാന് ഒരു നിത്യദീപം വച്ച് ചേര്‍ന്നു. നിത്യദീപത്തിലൂടെ ചൈതന്യം വർദ്ധിച്ച ഭഗവാന് ഒടുവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്കായി സ്വയം മുന്നിട്ടിറങ്ങുകയും ചെയ്തുവെന്ന് സ്വര്‍ണ്ണപ്രശ്നത്തിൽ തെളിയുകയുണ്ടായി.
2013 ജനവരി മുതൽ ഇവിടെ പ്രവർത്തിച്ചു വരുന്ന ജനകീയ കമ്മറ്റിയുടെ നേത്യത്വത്തിൽ ഇന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നു. 2013 മെയ് മാസത്തിൽ ക്ഷേത്ര നടയിൽ അഷ്ട മംഗല്ല്യ സ്വര്‍ണ്ണ പ്രശ്നം നടത്തുകയും, 2013 സപ്തംബർ 28, 29 തീയ്യതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിൽ സ്വര്‍ണ്ണപ്രശ്ന പരിഹാരവും ബാലാലയപ്രതിഷ്ഠയും നടത്തി, ഭക്തജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു. എല്ലാ മാസവും ഭഗവാന്റെ ജന്മനാളായ തിരുവോണം നാളിലും, മറ്റ് വിശിഷ്ട ദിവസങ്ങളിലും ഭക്തന്മാരുടെ വക പ്രത്യേക പൂജയ്ക്കായും ഇവിടെ നട തുറന്നുപോന്നിരുന്നു.
1193ല്‍ കര്‍ക്കിടകം 1 മുതല്‍ (2018 ജൂലൈ 17 ) വര്‍ധിച്ചുവരുന്ന ഭക്തരുടെ ആവശ്യാനുസരണം എല്ലാദിവസവും വൈകുന്നേരങ്ങളില്‍ നിത്യപൂജ തുടര്‍ന്ന് വരുന്നു.